Blog

ഏല കർഷകർക്ക് ആശ്വാസമായിപത്ത് കോടി അനുവദിച്ചു

കടുത്ത വരൾച്ചയിൽ ഏലത്തോട്ടങ്ങൾ കരിഞ്ഞുണങ്ങിയപ്പോൾ പ്രതിസന്ധിയിലായ കർഷകരെ സർക്കാർ ചേർത്തു പിടിച്ചു. നഷ്ടപ്പെട്ടു പോയ കൃഷി വീണ്ടെടുക്കുന്നതിനായി 10 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ കൃഷി മന്ത്രിയും ജലവിഭവ മന്ത്രിയും ചേർന്ന് സന്ദർശിച്ചിരുന്നു. കർഷകർക്ക് ആശ്വസകരമാകും വിധം നടപടികൾ ലളിതമാക്കുന്നതിനും നാശനഷ്ടം വിലയിരുത്തുന്നത് ത്വരിത ഗതിയിലാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ പങ്കെടുത്ത ആലോചന യോഗം ചേർന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ മിറ്റിഗേഷൻ ഫണ്ടിൽ നിന്ന് ഇപ്പോൾ തുക അനുവദിച്ചത്.
നഷ്ടപ്പെട്ടുപോയ ഏല കൃഷി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർക്ക് നിർദേശം കൊടുത്തിട്ടുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
കഴിഞ്ഞ വേനലിൽ കടുത്ത വരൾച്ച നേരിട്ട ഇടുക്കി ജില്ലയിൽ പതിനയ്യായിരത്തിലധികം ഹെക്ടർ സ്ഥലത്തെ ഏലകൃഷി നശിച്ചതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല സംഘം അടിയന്തിര തീരുമാനമെടുത്തത്.

ഇടുക്കി ജില്ലയിലെ കർഷകരോടുള്ള പ്രതിബദ്ധത എൽഡിഎഫ് സർക്കാർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് എൽഡിഎഫ് ജില്ലാ കൺവീനറും സിപിഐ ജില്ലാ സെക്രട്ടറിയുമായ കെ സലിംകുമാർ പറഞ്ഞു. മൂന്നു പതിറ്റാണ്ടിനിടെ ജില്ല കണ്ട ഏറ്റവും കടുത്ത വരൾച്ചയായിരുന്നു ജില്ലയിലേത്. പ്രതിസന്ധിക്ക് മുന്നിൽ പകച്ചു നിന്ന ഏലം കർകർക്ക് ആശ്വസമായി സർക്കാർ എത്തി. കൃഷി മന്ത്രിയും ജലവിഭവ മന്ത്രിയും ചേർന്ന് സന്ദർശിച്ച് വരൾച്ചയുടെ തീവ്രത നേരിൽ കണ്ടു. തുടർന്ന്, കൃഷി മന്ത്രിയുടെ പ്രത്യക നിർദ്ദേശപ്രകാരം ഉന്നതതല സംഘം വിലയിരുത്തിയിരുന്നു. ഏകദേശം പൂര്‍ണ്ണമായി നശിച്ച രീതിയിലായിരുന്നു കൃഷിയിടങ്ങളിലധികവും. ജില്ലയിലെ കർഷകർക്ക് ആശ്വാസം പകരുന്ന നടപടി സ്വീകരിച്ച എൽഡിഎഫ് സർക്കാരിനെയും കൃഷി മന്ത്രി പി പ്രസാദിനെയും സലിംകുമാർ അഭിനന്ദിച്ചു.
ഇടുക്കിക്ക് ആശ്വാസം പകർന്ന തീരുമാനമെടുത്ത മന്ത്രി പി പ്രസാദിനെ കിസാൻ സഭ ജില്ലാ പ്രസിഡന്റ്‌ സുനിൽ സെബാസ്റ്റ്യനും ജില്ലാ സെക്രട്ടറി ജോയി വടക്കേടവും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *