
തൊടുപുഴ ന്യൂമാൻ കോളേജിന് സമീപം തീപിടുത്തം ഉണ്ടായി. ഞായറാഴ്ച വെളുപ്പിന് രണ്ടരയോടെ ആയിരുന്നു സംഭവം. കോളേജിന്റെ പ്രവേശന കവാടത്തിന്റെ സമീപമുള്ള ഗ്രൗണ്ടിൽ കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ സെക്യൂരിറ്റി ജീവനക്കാരനായ സണ്ണി കത്തിച്ചപ്പോൾ അവിടെനിന്നും സമീപത്തേക്ക് പടരുകയായിരുന്നു. അടുത്തുതന്നെ കൂട്ടിയിട്ടിരുന്ന വിറകിലേക്കും തീ ആളിപ്പടർന്നു. ഇതോടെ പരിഭ്രാന്തരായ ജീവനക്കാരൻ വിവരം പോലീസിലും, അഗ്നി രക്ഷാ സേനയിലും അറിയിച്ചു. ഉടൻതന്നെ തൊടുപുഴയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി തോമസിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സേന സ്ഥലത്തെത്തി. തീ അണയ്ക്കുന്നതിനോടൊപ്പം തന്നെ സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് തീ പടരാതിരിക്കാൻ എല്ലാ ഭാഗവും നനച്ചു കൊടുക്കുകയും ചെയ്തു. പുല്ലും അടിക്കാടുകളും നിറഞ്ഞുനിൽക്കുന്ന തോട്ടത്തിലേക്ക് തീ പടർന്നിരുന്നെങ്കിൽ വലിയ രീതിയിൽ നാശനഷ്ടം ഉണ്ടാകുമായിരുന്നു. സേനയുടെ അതിവേഗത്തിലുള്ള കൃത്യമായ ഇടപെടലാണ് തീ വ്യാപിക്കാതിരിക്കാൻ കാരണമായത്.
സേനാംഗങ്ങളായ ബിബിൻ എ തങ്കപ്പൻ, ഉബാസ് കെ എ, സന്ദീപ് വി ബി, ഫ്രിജിൻ എഫ് എസ്, ജെയിംസ് സാം ജോസ്, രാജീവ് ആർ നായർ എന്നിവരായിരുന്നു അഗ്നി രക്ഷാ സേനാ സംഘത്തിൽ ഉണ്ടായിരുന്നത്.
