Blog

ജില്ലാതല ഹരിത അയല്‍ക്കൂട്ട പ്രഖ്യാപനവും ഹരിത റസിഡന്‍സ് അസോസിയേഷന്‍ പ്രഖ്യാപനവും നടത്തി

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ 10,819 (97%) കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഹരിതമായി പ്രഖ്യാപിച്ചു.ജില്ലയിലാകെ 11,153 അയല്‍ക്കൂട്ടങ്ങളാണുള്ളത്.കുടയത്തൂര്‍ പഞ്ചായത്തിലെ ശരംകുത്തി റസിഡന്‍സ് അസോസിയേഷനെ ജില്ലയിലെ ആദ്യ ഹരിത റസി. അസോസിയേഷനായും പ്രഖ്യാപിച്ചു.

ജില്ലയിലെ മാലിന്യ മുക്ത കാമ്പെയിനിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന നേട്ടങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചു. ജില്ലയിലെ 3196 സ്ഥാപനങ്ങള്‍(92.36%),531ഹരിത വിദ്യാലയങ്ങള്‍(95%),61 കലാലയങ്ങള്‍ (76%),ആറ് ടൂറിസം കേന്ദ്രങ്ങള്‍(10%)172 ടൗണുകള്‍,(76%)111 പൊതു സ്ഥലങ്ങള്‍(63%) എന്നിങ്ങനെയാണ് ജില്ലയുടെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റം.മാലിന്യ മുക്ത ഇടുക്കി ജില്ലയുടെ പ്രഖ്യാപനം ഈ മാസം 30നാണ് നടത്തുക.

ഹരിത പ്രഖ്യാപന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. എന്‍. ഷിയാസ് അധ്യക്ഷനായി. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. അജയ് പി. കൃഷ്ണ വിഷയം അവതരിപ്പിച്ചു. ശരം കുത്തി റസി. അസോ. പ്രസിഡന്റ് ഡോ. കെ. റോയി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ.എം.ജെ.ജേക്കബ്, ബ്ലോക്ക് ഡിവിഷന്‍ അംഗം മിനി ആന്റണി, കുടയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലീന സിജോ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പുഷ്പ വിജയന്‍, സി.ഡി.എസ് .അധ്യക്ഷ സിനി സാബു, പഞ്ചായത്ത് സെക്രട്ടറി രഞ്ജിത് ബിജുകുമാര്‍,അസി. സെക്രട്ടറി സാം ജോസ് കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹരിതകേരളം മിഷന്‍ തയ്യാറാക്കി നല്‍കിയ മാലിന്യ പരിപാലന മാനദണ്ഡങ്ങള്‍ പാലിച്ചതായി സി .ഡി .എസും സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അയല്‍ക്കൂട്ടങ്ങളുടെ ഹരിത പ്രഖ്യാപനങ്ങള്‍ നടത്തിയത്.സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് പഞ്ചായത്തുകള്‍ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *